കണക്ക് എന്നു പറഞ്ഞാല്‍ പല കൂട്ടുകാര്‍ക്കും അത് അല്‌പം വിഷമം പിടിച്ച ഒരു വിഷയം
ആണ്. അത് ഊര്‍ജ്ജത്തിന്റെ കണക്കുകൂടി ആകുമ്പോള്‍ വിഷമം ഒന്നുകൂടി കൂടിയെന്നു
വരാം. ശക്തി അളക്കുന്ന മാത്ര വാട്ട്; ഊര്‍ജ്ജം അളക്കുന്ന പ്രായോഗികമാത്ര കിലോ
വാട്ട് മണിക്കൂര്‍ - ഈവകയെല്ലാം കൂട്ടുകാര്‍ക്കും അറിയാമല്ലോ. ഇതളക്കാന്‍
മീറ്ററുകളും ഉണ്ട്. വൈദ്യുത ഊര്‍ജ്ജം അളക്കുവാനായി വീടുകളില്‍ ഇലക്‌ട്രിസിറ്റി
ബോര്‍ഡ് ഘടിപ്പിച്ചിരിക്കുന്ന എനര്‍ജി മീറ്ററിന്റെ കാര്യം നേരത്തെ
സൂചിപ്പിച്ചുവല്ലോ. അതില്‍ തൊട്ടുകളിക്കാന്‍ നമുക്ക് അനുവാദം ഇല്ല. പക്ഷേ അതില്‍
നിന്ന് നമ്മള്‍ എത്രമാത്രം ഊര്‍ജ്ജം ഉപയോഗിച്ചു എന്ന് മനസ്സിലാക്കാം. ഇന്ന്
ഉപയോഗിക്കുന്ന മിക്ക എനര്‍ജി മീറ്ററുകളും നേരിട്ട് വായിക്കുവാന്‍ കഴിയുന്നവയാണ്.
പക്ഷേ പഴയ ചില എനര്‍ജി മീറ്ററുകളില്‍ ടൈംപീസിന്റെ സൂചികള്‍ പോലെ കുറെ സൂചികള്‍
കാണാം. ഇവയുടെ സൂത്രം മനസ്സിലാക്കിയാല്‍, ഈ സൂചികളുടെ കിടപ്പ് നോക്കിയും നമുക്ക്
ഊര്‍ജ്ജ ഉപഭോഗം മനസ്സിലാക്കുവാന്‍ സാധിക്കും എന്ന് ആറാം അധ്യായത്തില്‍ നാം
കണ്ടതാണല്ലൊ. മീറ്റര്‍ നോക്കാതെ തന്നെ ഓരോ വീട്ടിലും എത്ര ഊര്‍ജ്ജം
ഉപയോഗിക്കുന്നുണ്ടെന്നു കണക്കകൂട്ടാനാവും. എങ്ങനെയെന്നറിയേണ്ടേ?
നമ്മുടെ
വീട്ടില്‍ 40, 60, 100 വാട്ട് ശക്തിയുള്ള ബള്‍ബുകളും 20 ഓ 40 ഓ വാട്ട് ശക്തിയുള്ള
ട്യൂബ്‌ലൈറ്റുകളും 60 മുതല്‍ 80 വരെ വാട്ട് ശക്തിവേണ്ടുന്ന ഫാനുകളും ആണ് സാധാരണ
ഉപയോഗിക്കാറുള്ളത്. നമ്മള്‍ ഒരു 100 വാട്ട് ബള്‍ബ് ആണ് ഉപയോഗിക്കുന്നതെങ്കില്‍
ഒരു മണിക്കൂറില്‍ അതിന് 100 വാട്ട് മണിക്കൂര്‍ ഊര്‍ജ്ജം വേണ്ടിവരും.
സന്ധ്യയ്‌ക്ക് 6 മണി മുതല്‍ രാത്രി 10 മണിവരെ ഈ ബള്‍ബിനു കീഴിലിരുന്നു നിങ്ങള്‍
പഠിക്കുന്നുവെങ്കില്‍ അന്നു ആ ബള്‍ബ് എടുത്ത ഊര്‍ജ്ജം 4 x 100 = 400 വാട്ട്
മണിക്കൂര്‍ ആണ്. 5 ദിവസം നമ്മള്‍ ഈ ബള്‍ബ് ഇതേപോലെ ഉപയോഗിച്ചാലോ, അത് 2000
വാട്ട് മണിക്കൂറാവും. മാസത്തില്‍ 30 ദിവസം എങ്കില്‍ 12,000 വാട്ട് മണിക്കൂര്‍.
ഒരു യൂണിറ്റ് വൈദ്യുതോര്‍ജ്ജം ഒരു കിലോവാട്ട് മണിക്കൂര്‍ ആണെന്നു നേരത്തെ
പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ. അതായത് 1000 വാട്ട് മണിക്കൂര്‍. അപ്പോള്‍ ഒരു മാസം
ഒരു 100 വാട്ട് ബള്‍ബ് ദിവസേന 4 മണിക്കൂര്‍ വീതം ഉപയോഗിച്ചാല്‍ ചെലവാകുന്ന
വൈദ്യുതോര്‍ജ്ജം 12,000 വാ.മ. അഥവാ 12000/1000 = 12 യൂണിറ്റഅ എന്നു
മനസിലാക്കാം.
ഇത് ബള്‍ബിന്റെ കാര്യം. ഇങ്ങിനെ ഓരോ ഉപകരണത്തിന്റേയും വാട്ട്
കണക്കിലുള്ള ശക്തിയും അവ ഓരോന്നും എത്രമണിക്കൂര്‍ ഉപയോഗിക്കുന്നു എന്നും
അറിയാമെങ്കില്‍, വീട്ടില്‍ മൊത്തം ഉപയോഗിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ
കണക്ക് നമുക്ക് എളുപ്പം കണക്കാക്കാം ഇല്ലേ? കൂടുതല്‍ നന്നായി ഇത്
മനസ്സിലാക്കാന്‍ നമുക്ക് എത്ര ഊര്‍ജ്ജം വേണം എന്ന പട്ടിക കൂടി സഹായിക്കും.