***first malayalam webportal for energy conservation and new-renewable energy ***

ഭൂമിക്കായി വൈദ്യുതവിളക്കുകള്‍ ശനിയാഴ്‌ച ഒരുമണിക്കൂര്‍ കണ്ണടയ്‌ക്കും

Submitted by adarshpillai on Thu, 03/26/2009 - 21:49

28/03/2009 ശനിയാഴ്‌ച രാത്രി 8.30ന്‌ ലോകത്താകമാനമുള്ള
വൈദ്യുതവിളക്കുകള്‍ ഒരു മണിക്കൂര്‍ കണ്ണടയ്‌ക്കും. ഈ ഒരുമണിക്കൂര്‍ അറിയപ്പെടുക
'എര്‍ത്ത്‌ അവര്‍'. ആഗോളതാപനത്തില്‍നിന്ന്‌ ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി
വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ടിന്റെ ആഹ്വാനപ്രകാരമാണ്‌ എര്‍ത്ത്‌ അവര്‍
ആചരിക്കുന്നത്‌.ഒരു ലൈറ്റ്‌ അണയ്‌ക്കൂ, പവര്‍കട്ട്‌ ഒഴിവാക്കൂ എന്ന ആശയം
സംസ്ഥാനത്ത്‌ ആദ്യമായി മുന്നോട്ടുവച്ചത്‌ ഊര്‍ജ്ജമേഖലയിലെ വിദഗ്‌ദ്ധ നായ
എസ്‌.രത്‌നകുമാറാണ്‌. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എനര്‍ജി
കണ്‍സര്‍വേഷന്‍ ക്ലബ്‌ ഈ ആശയവുമായി സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രചാരണം
നടത്തിയിരുന്നു.വൈദ്യുതോത്‌പാദനത്തിനായി പെട്രോളിയം ഉത്‌പന്നങ്ങള്‍
കത്തിക്കുന്നത്‌ ഒരു മണിക്കൂര്‍ഒഴിവാക്കുകയാണ്‌ ലക്ഷ്യം. ഒരു യൂണിറ്റ്‌ വൈദ്യുതി
ഉത്‌പാദിപ്പിക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ കത്തിക്കുമ്പോള്‍ ഒരുകിലോ
ഹരിതഗൃഹവാതകമാണ്‌ പുറന്തള്ളപ്പെടുന്നത്‌. എര്‍ത്ത്‌ അവര്‍ ആചരിക്കുന്നതിലൂടെ
അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ്‌ പ്രതിവര്‍ഷം 120 ലക്ഷം ടണ്‍
കുറയ്‌ക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.85 ലോകരാജ്യങ്ങളിലെ 1,900
പട്ടണങ്ങളിലെ നൂറുകോടി ജനങ്ങള്‍ എര്‍ത്ത്‌ അവറില്‍ പങ്കാളികളാകും. ലണ്ടന്‍,
ബെയ്‌ജിങ്‌, റോം, മോസ്‌കോ, ലോസ്‌ ആഞ്‌ജലിസ്‌, റിയോ ഡി ജനൈറോ, ഹോങ്കോങ്‌, ദുബായ്‌,
സിംഗപ്പൂര്‍, ആതന്‍സ്‌, ടൊറന്‍േറാ, സിഡ്‌നി, മെക്‌സിക്കോ സിറ്റി, ഇസ്‌താന്‍ബുള്‍,
കോപ്പന്‍ ഹേഗന്‍, മനില, ലാസ്‌വേഗാസ്‌, ബ്രസല്‍സ്‌, കേപ്‌ടൗണ്‍, ഹെല്‍സിങ്കി എന്നീ
പട്ടണങ്ങള്‍ എര്‍ത്ത്‌ അവറില്‍ പങ്കെടുക്കും. ആഗോളതാപനത്തെപ്പറ്റി
ഭരണാധിപന്മാര്‍, ശാസ്‌ത്രജ്ഞര്‍, പ്രകൃതിസ്‌നേഹികള്‍ എന്നിവരെ ബോധവത്‌കരിക്കാനും
ആഗോളതാപനം കുറയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി 2007-ല്‍ സിഡ്‌നിയിലാണ്‌
എര്‍ത്ത്‌ അവര്‍ ആരംഭിച്ചത്‌. തിരുവനന്തപുരം നഗരത്തില്‍ എര്‍ത്ത്‌ അവര്‍
ആചരിക്കുന്നതിന്‌ കെ.എസ്‌.ഇ.ബി.പദ്ധതിയുണ്ട്‌. എര്‍ത്ത്‌ അവറിന്റെ ഭാഗമായി
സംസ്ഥാനത്ത്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപയോഗം ഒരുമണിക്കൂര്‍
നിര്‍ത്തിവയ്‌ക്കുകയാണ്‌ വേണ്ടതെന്ന്‌ ഊര്‍ജ്ജരംഗത്തെ വിദഗ്‌ദ്ധ നായ
എസ്‌.രത്‌നകുമാര്‍ പറഞ്ഞു. പാചകവാതകം, സ്വകാര്യവാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം
കുറയ്‌ക്കുകയാണ്‌ പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ദിനപത്രം കൊല്ലം എഡിഷനിലെ വാര്‍ത്ത